Friday, November 18, 2011

വീട്ടില്‍ നിന്ന് കൊടുത്തയച്ച അച്ചാര്‍

ഒരു
പാല്‍പൊടി ടിന്‍ നിറയെ
ഒസ്യെത് പോലുള്ള
ഉപദേശങ്ങള്‍

ഒറ്റക്കുള്ള
വര്‍ത്താനങ്ങള്‍

ഓര്‍മ്മകള്‍ മുറിച്ചു
കണ്ണ് തുടച്ച
സാരിത്തുമ്പിന്റെ നനവ്‌

അവരോഹണം

ഏതു ദിക്കില്‍
നിന്നായിരിക്കും
നിന്‍റെ വരവെന്ന് നിനച്ചു
നോട്ടം മുറിയുന്ന നിമിഷത്തില്‍

എന്റെ കൂടിനു മുന്നില്‍
എവിടെ നിന്നെന്നില്ലാതെ
ആയിരിക്കും
നിന്‍റെ വെള്ള ചിറകടി അമരുക

ചാഞ്ഞും ചെരിഞ്ഞുമുള്ള
എന്റെ വെമ്പലിനിടയില്‍
ഒരു സ്പര്‍ശം കൊണ്ട്
തുറക്കുമായിരിക്കും
നീ
എന്റെ
താഴ്


ഒരു ചുമ്പനം കൊണ്ട്
ഉണര്‍ത്തുമായിരിക്കും
മറ്റൊരു സ്വപ്നത്തിലേക്ക്


തോളുരുമ്മി
പരന്നുയരുമായിരിക്കും
നിന്നോടൊപ്പം
ഒരു കൂട്ട് പക്ഷിയെ പോലെ

പട്ടവും കാലവും
നൂല്‍ പൊട്ടിയ
ആകാശ വഴികളിലെത്തിയാല്‍
തോന്നുമായിരിക്കും
എനിക്കെവിടെയോ ഒരു നോവ്‌

താഴോട്ടു ഒരു നോട്ടമുതിര്‍ന്നു
വീഴവെ കാണുമായിരിക്കും
പെരുമഴയില്‍
മണിക്കുന്തിരിക്കവും
ഉലുവാനും
പുകയുന്ന
അകം നനഞ്ഞൊരു വീട്

അര്‍ദ്ധവിരാമം


ദൂരെ ഒരു ഗ്രാമത്തിലെ
ഇല്ലാത്ത ഇടവഴിയുടെ അറ്റത്തു
പൊളിച്ചു മാറ്റിയ വീട്ടില്‍ നിന്ന്
ചെവിപോലുമറിയാതെ
ചില ഒച്ചകള്‍
മെല്ലെ മെല്ലെ കനത്തു വരും

അവിടെ
കടല്‍ കരയിലെ
പെങ്ങ്വിനുകളെ പോലെ
മുറ്റം നിറയെ കുടിയിറക്കപ്പെട്ട
ഓര്‍മകളുടെ കലപിലകള്‍

പരിഭവിച്ചു മുഖം
കരി പോലെ കറുപ്പിച്ചു
നില്‍ക്കുന്നുണ്ടാവണം
കിളവന്‍ പടിവിളക്ക്

ഒന്നും ശ്രദ്ധിക്കാതെ
മഴയെ ഉണക്കാനിടുകയോ
വെയിലിനെ കുളിപ്പിക്കുകയോ
ചെയ്യുന്നുണ്ടാവും
പിന്‍വശത്തെ അമ്മൂമക്കുളം

സഹികെട്ട് ഇടവഴിയിലൂടെ വന്നു
വടക്കോട്ട്‌ നീളുന്ന റോഡിലേക്ക്
നോക്കി നിന്ന്
ഇന്നും മടങ്ങിയിട്ടുണ്ടാകും
ഇനിയും കഥയായിട്ടില്ലാത്ത
കുറെ ചെറു വരികള്‍!

Wednesday, September 21, 2011

ഈഗോ

ചാക്കില്‍ കെട്ടി
പുഴക്കപ്പുറം
കൊണ്ട് വിട്ടാലും

പെട്ടിയിലാക്കി
മലന്‍ ചെരിവില്‍
എറിഞ്ഞാലും

എങ്ങിനെയെങ്കിലും
തിരികെ വന്നു ചേര്‍ന്നു
പേരിനു പിന്നില്‍ പതുങ്ങി കിടക്കും

കരുതല്‍

നെഞ്ചിലുള്ള
തീയിലേക്ക്
ആളിപ്പടരാതിക്കാനാവണം
അടപ്പിലൂതി
തീ പെരുക്കുമ്പോള്‍
ഉമ്മ
കണ്‍നിറയെ
തിരയില്ലാത്തൊരു
കടല്‍ കരുതിയിരുന്നത്!

Thursday, August 4, 2011

പരിഭാഷപ്പെടുത്താനാവാത്തത്

യാ അള്ളാ
വിസ്മയിച്ചു കൊണ്ട്
ഒരു പുല്‍ച്ചാടിയെ
നോക്കിയിരിക്കവെ
അരികില്‍ വന്നു നീ മന്ത്രിക്കും
'അതിന്റെ വര്‍ണ്ണം നോക്ക്
അതിരിക്കുന്ന പുല്‍ത്തകിടി നോക്ക്
അതിനെ തൊട്ടു നില്‍ക്കുന്ന തുമ്പ പൂവ്
പൂവിന്‍ തുമ്പത്തെ ആര്‍ദ്രത !

അങ്ങിനെ, ഭൂമിയും ജീവിതങ്ങളും
പരിപാലിച്ചു കൊണ്ട് തന്നെ
അന്നേരം നീയെന്റെ
കുഞ്ഞു വിസ്മയങ്ങളുടെ
തമ്പുരാനാകും!

ഏതെങ്കിലുമൊന്നില്‍ മനസ്സുടക്കി
കണ്ണൊന്നു കലങ്ങുമ്പോള്‍
നക്ഷത്ര സമൂഹങ്ങളിലെ
ആകാശ ഗംഗകളിലെ
തമോ ഗര്‍ത്തങ്ങളിലെ
നിന്‍റെ തിരക്കിനിടയില്‍
നീ അരികെ വന്നു
പുതിയ വഴികള്‍ വെട്ടി
അലങ്കാരങ്ങള്‍ ഒരുക്കി
എന്റെ പുഞ്ചിരിക്കു വേണ്ടി
മറഞ്ഞു നില്‍ക്കും..

യാ അള്ളാ
ആള്കൂട്ടത്തിലെ അപ്രധാനമായ
ഒരു കഷണമായി
എന്റെ മുഖം മാറവേ

ആമസോണ്‍ നദീ തീരത്തെ
ഞണ്ടിന്റെഇറുക്കാന്‍ കാലുകളില്‍
പച്ച കുത്തുന്നതിനിടയിലും
നീയെന്നെ ഇമ വെട്ടാതെ
നോക്കുമ്പോള്‍
ഞാന്‍ കൊയ്താല്‍ തീരാത്ത
മുന്തിരിത്തോട്ടക്കാരനെക്കള്‍
ഉന്മാത്തനാകും!

ദിക്കുകളില്ലാത്ത
കടലിന്റെ രാത്രികളില്‍
ഒരു തോണിയില്‍
'അംശവും' 'പൂര്‍ണവും' ആയി
നമ്മള്‍ തനിച്ചാകവേ
നിന്നിലേക്ക്‌  ഉയര്തെഴുന്നെല്‍ക്കുന്ന
ഒരു കാറ്റിന്‍ കുഞ്ഞാകും

അപ്പോള്‍
ശൈമത്തോട്ടത്തിലെ
പൂവിന്റെയുള്ളിലെ
പൂവിന്റെയുള്ളിലെ
പൂവിനേയും

നിലാവിന്റെയപ്പുറത്തെ
നിലാവിന്റെയപ്പുറത്തെ
നിലാവിനെയും പുലരുന്നത്
വരെ ഉമ്മ വെക്കും..

നിന്നെ ശ്വസിച്ചു ,
നിന്നെ ഭക്ഷിച്ചു
നിന്നെ ജീവിച്ച്
മനസ്സിന്റെ ഏതെങ്കിലും
അബദ്ധ സന്ചാരങ്ങളില്‍
ഞാന്‍ വെറുമൊരു
അംശമായി മാറവേ

നീ എന്നോട് പരിഭവിക്കും

ഒരു കുന്നിന്‍ ചെരിവിലെന്നപോലെ
മറഞ്ഞു നില്‍ക്കും

മഗ്ര്ബിലെ
ഒരു സുജൂദ് കൊണ്ട്
പാവം നിന്‍റെ പിണക്കം തീരും
അമ്മയേക്കാള്‍ അധികരിച്ച്
നീ ഉള്ളിലേക്ക് ഓടിയെത്തും

യാ അള്ളാ
വീണ്ടും ആജ്ഞ പോലുള്ള
എന്റെ പ്രാര്‍ഥനകള്‍ക്കുത്തരം നല്‍കി
ഒരു നേര്‍ച്ച പക്ഷിയെ പോലെ
നീ എനിക്ക് ചുറ്റിലും
പാറി നടക്കും


ശെരിക്കും
ഒരു അടിമയെ പോലെ.

Friday, July 29, 2011

ഉത്തരാധുനികത

ഉദ്ധരിച്ചാല്‍
ലിമോസിന്‍ കാറുകളുടെ
സൌന്ദര്യമാണെന്ന്
ഉത്തരം

കാത്ത് കാത്തിരിക്കുന്ന
ഈ തുറമുഖത്ത്
എന്നാകുമൊരു കപ്പലടുക്കുക
എന്ന് മറുചോദ്യം

ഒരു സ്പെഷ്യല്‍ ക്ലാസ്
ഒരു മീറ്റിംഗ്
അല്ലെങ്കില്‍
കുറച്ചു പെന്‍ഡിംഗ് ജോബ്സ്

തിരിഞ്ഞു കിടക്കുന്ന
തുടയിടുക്കുകളില്‍
കുമ്പസാരം വേണ്ടാത്ത
മൌനങ്ങള്‍ അസ്തമിക്കുകയായി!

മൌനം ഭേദിക്കുന്നത്

തോവാളപ്പൂക്കളോ
മിയാമി ഐസുകാരനോ
ഇല്ലാത്ത

വറ്റി വരണ്ട
പുഴയുടെ തീരത്തെ
രണ്ടായി പിരിയുന്ന
അതേ വഴിയില്‍

പണ്ട് ശേഖരിച്ചതില്‍
ബാക്കിയായ
ഉച്ച വെയിലിന്റെ
കഷണവുമായി വന്നാല്‍

തെറ്റിലും ശെരിയിലും
വിധിയിലുമല്ലാതെ
നിന്നില്‍ മാത്രമായി
വിയര്‍ത്തൊലിച്ചു നിന്നാല്‍

ഒരു നിമിഷം കോപിച്ച്
ഒരുനിമിഷംകൊണ്ടലിഞ്ഞ്

പിന്നെ
ശ്വാസംമുട്ടുമാറ്‌
പുണര്‍ന്ന്

ചുവന്ന
കണ്ണുകളും
തുടച്ച്

പോരുമോ
കൂടെ?

Friday, April 22, 2011

പേര് ഉരിയുമ്പോള്‍

അറിവില്ലായ്മയുടെ
വിസ്മയങ്ങളില്‍
അസ്വസ്ഥരായവരാകുമോ
സൌകര്യങ്ങള്‍ക്ക് വേണ്ടി
പേരുകള്‍ നിര്‍മിച്ചത്

ഇല്ലെങ്കില്‍ ,
ഉള്ളിലൊരു ലോകത്തെ
ഒറ്റനനവില്‍ കൂട്ടി നിര്‍ത്തി
അലയലയായി കരയിലേക്ക്
കഥകള്‍ മെനയുന്ന ഒന്നിനെ
നമ്മള്‍ ' കടല്‍ ' എന്ന വാക്കില്‍
തളച്ചിടുമോ

പേരില്ലാതെ വളര്‍ന്നവനെപ്പോലെ
ഒരു നാള്‍ ചന്ദ്രന്‍ ഉയരുമ്പോള്‍
കണ്ണില്‍ നിന്ന് രക്തധമനിയിലൂടെ
മുങ്ങിയും താണും
പെരുവിരലിലേക്ക് നീങ്ങുന്നുണ്ട്
ഒരു നിലാവെട്ടം

വിരല്‍ ചൂണ്ടിപ്പപഠിച്ച
'മഴ' യാണിതെന്നോര്‍ക്കാതെ
അതിലെക്കൊന്നിറങ്ങി നിന്നാല്‍
നെഞ്ചിനു പിന്നിലെ മുറ്റം നിറയെ
മഴപ്പൂക്കളൊരു വസന്തംതീര്‍ക്കും
അവയ്ക്ക് മീതെ മനസ്സ്
ഭാഷയില്ലാത്ത സഞ്ചാരങ്ങളുടെ
നാനാര്‍ഥങ്ങള്‍ വിതറും

ചെടികളുടെ പേരുകള്‍ മറന്നു
തോട്ടത്തിലെക്കൊന്നു നോക്കിയാല്‍ മതി
അവ ഓടി വന്നു
കൈവലിച്ചുകൊണ്ട് പോയി
ചെടിയുടെ വേരിലൂടെ,
തണ്ടിലൂടെ കടത്തി വിട്ട്
പൂവിന്റെ ഇതളുകള്‍ക്ക്‌ നടുവില്‍
കഴുത്തറ്റം വരെയാക്കി
പിടിച്ചു നിര്‍ത്തും

പക്ഷെ ,
ഏറെ അതിശയിപ്പിക്കുന്നത്,
ഈ 'ഞാന്‍ ' എന്ന പദം
ഒന്ന് മാറ്റി വെക്കുമ്പോള്‍
തലങ്ങും വിലങ്ങും
സഞ്ചരിച്ചു പെരുകുന്ന
സൌരയൂധങ്ങളില്‍
ധൂളിയായ് അമരുന്ന
ആ ഒറ്റ വാക്കില്‍
എങ്ങിനെയാണ് ഞാന്‍ തളക്കപ്പെട്ടത് !

Friday, April 15, 2011

ഒരു കഥ തീരുന്നത്

ആശുപത്രി മണം
ഇഷ്ടമില്ലാഞ്ഞിട്ടും
നിവൃത്തിയില്ലാതെ
സമ്മതിച്ചു
വീട്ടില്‍
നിന്നിറങ്ങുമ്പോള്‍
കണ്ണ് നനഞ്ഞു
തന്നൊരു മുത്തം
നെറ്റിയില്‍ ഇപ്പോഴും
നനഞ്ഞു പൊള്ളുന്നുണ്ട്

അത്യാസന്ന
വിഭാഗത്തിലെ
യന്ത്രവനങ്ങളില്‍
തനിച്ചാക്കിപ്പോന്നപ്പോള്‍
'മകനേ'
എന്ന മൌനത്താല്‍
വിരലുകള്‍ പരതുന്നത്
ചില്ലിലൂടെയാണ് കണ്ടത്

അടുത്ത
സന്ദര്‍ശന
മയത്തിനിടയില്‍
കണ്ണടച്ചുള്ള ഒരു
പ്രാര്‍ഥനക്ക് മുന്നിലൂടെ
ഈ ഇടനാഴിയിലൂടെത്തന്നെ
ആയിരിക്കണം
ഉമ്മയെ കൊണ്ട് പോയത്

ഒരു വാക്കോ
ഒരു വിളിയോ
ബാക്കിയില്ലാത്ത് കൊണ്ട്
ആകാശത്തൊരു
പൊട്ടുപോല്‍ മറയും വരെ
കണ്ണെടുക്കാതെ
നോക്കിക്കൊണ്ടേ
ആയിരിക്കും
ഉമ്മ
അകന്നു
അകന്നു പോയത്..

Friday, March 18, 2011

ഹിജ്റ

സഹിക്കാവുന്നതിനപ്പുറമായത്
ഓര്‍മയിലന്നു
പച്ചയായെരിയും

' നിങ്ങളുടെത് '
മുദ്ര കുത്തിയതെല്ലാം
പെട്ടി വണ്ടിയില്‍
കുത്തി നിറയ്ക്കും

കണ്ണ് കലങ്ങിയ
ഉമ്മയെയും
ബീഡി തിന്നുന്ന
ഉപ്പയെയും
മുഖത്ത് നോക്കാതെ
ശകാരിച്ചു ,
സാന്ത്വനിപ്പിച്ചു
മുന്‍സീറ്റിലിരുത്തും

ക്രൂരനായ
ഗരുഡനെപ്പോലെ
പെട്ടിവണ്ടി അവരെ
നാട് കടത്തുമ്പോള്‍
അതിനു പിന്നില്‍
ചങ്ങാതിയുമായി നിന്ന്
ചങ്ക് കടയുന്ന കാറ്റ് ഏല്‍ക്കും

കുട്ടിക്കാലവും
ഇടവഴിയും
മഴയും
നിലാവും
പെരുന്നാളും
ബസ്‌ സ്റ്റോപ്പിലോ,
വിദൂരതയിലോ വന്നു നിന്ന്
കൈ വീശി കാണിക്കും

വാടകവീടെത്തുന്നതിനു മുംബ്
പ്രായങ്ങളില്‍ പടര്‍ന്നു കയറിയ
വേനല്‍ തോട്ടത്തില്‍ നിന്ന്
പരതിയെടുക്കണം

ഒരു ഋതുവിലും
വിതചിട്ടില്ലാത്ത
അറ്റം
കൂര്‍ത്തൊരു വിത്തും

വാരിയെല്ലിനു
പതിച്ചു കിട്ടിയ
ആറടി മണ്ണിന്റെ
നിറഭേദങ്ങളും

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...