വിജയങ്ങളുടെയും തോല്‍വികളുടെയും
കണക്കെടുപ്പിനു ശേഷം
കിരീടവും നാമങ്ങളും ചാര്‍ത്തുന്ന
സന്ധ്യയില്‍
ഞാന്‍ നിന്നെ ഏത് പേരാണ് ചൊല്ലി വിളിക്കേണ്ടത്
പക്ഷിയെ ആകാശത്തോളമുയര്‍ത്തി
ഉതിര്‍ന്നുവീഴുന്ന ഒരു
തൂവല്‍ മാത്രമാകുന്ന നിന്നെ
സമയവിലയേതും നോക്കാതെ
ഒരു മണ്ണിരയുടെ പരിശീലകനാകുന്ന,
പനിനീര്‍ ചമയങ്ങള്‍ക്കിടയില്‍
വെറുമൊരു കാവല്‍ മുള്ളാകുന്ന,
ഗുല്‍മോഹര്‍ ശിഖിരങ്ങളിലേക്ക്
ചുവപ്പ് വാരിയെറിഞ്ഞു
തായ് വേരായി മാറി നില്‍ക്കുന്ന നിന്നെ
എത് പേരിനാലാണ് വിളിക്കുക
പ്രണയത്തിന്റെ ചീതപ്പു പെയ്യിക്കാന്‍
ആകാശ നീലിമ മറന്നു
ഒറ്റയ്ക്ക് നിന്ന്
വിഷാദിച്ചു കറുത്ത് ഉരുണ്ടു കൂടുന്ന
നിന്നെ
ഹൃദയമോക്കെയും കൊത്തിപ്പറിച്ചു
ഒരു കൂട്ടം പറന്നു പോകവേ
പതിരുപോല്‍ നീ ബാക്കിയാകവേ
വീണ്ടുമൊരു വിത്തായി
മറ്റൊരു പച്ചത്തുരുത്തിന്റെ
വസന്ത കനവുകളിലേക്കുണരാന്‍
നോല്മ്പ് നോല്‍ക്കുന്ന നിന്നെ
അവസാന
ചെന്കുരുന്നി പൂവും പൊഴിച്ച്
സന്ധ്യ പോകുന്ന നിമിഷത്തില്‍
നിറച്ചാര്‍ത്തുകളില്ലാത്ത
വാക്കിനാല്‍
ഞാന്‍ എത് പേരാണ് ചൊല്ലി വിളിക്കുക
No comments:
Post a Comment