Wednesday, March 14, 2012

ആയിരത്തിപ്പന്ത്രണ്ടിലെ ആളുകളോട്


നമുക്കിടയില്‍ ആയിരത്തിയൊന്നു പൊടിപിടിച്ച
ആകാശങ്ങളുടെ ദൂരമുണ്ട്

ഇപ്പോള്‍ ഞങ്ങള്‍ പുതുയുഗത്തിന്റെ
കൊടിക്കൂറക്ക് താഴെ
ക്ലോണ്‍ ചെയ്തെടുത്ത പ്രോഫഷനലുകള്‍ മാത്രമാണ്
മുഖവും മനസ്സും ഇല്ലാത്ത ഉദ്യോഗ വസ്ത്രങ്ങള്‍ !

കേട്ടിട്ടുണ്ട് , കൊതിച്ചിട്ടുമുണ്ട്
നിങ്ങള്‍ നഗ്നപാതരായി
മണല്‍തരികളില്‍ അമര്‍ത്തിവേച്ച്ചു നടക്കുന്നത്
അരുവികളെ കൈവെള്ളയിലൂടെ ഒഴുക്കി
മൊത്തിക്കുടിക്കുന്നത്
മരങ്ങളില്‍ പുണര്‍ന്നു കയറി
പഴങ്ങള്‍ പറിച്ചു
പങ്കിട്ടു തിന്നുന്നത്

ചിലപ്പോള്‍ പ്രാര്‍ഥിച്ചതിന് ശേഷം
ചിലപ്പോള്‍ നൃത്തം വെച്ചതിനു ശേഷം
അല്ലെങ്കില്‍ വനങ്ങളിലെ
വയലറ്റ് പൂക്കളില്‍ കിടന്നു
നിങ്ങള്‍ രതിയിലേര്‍പ്പെടുന്നത്

എന്നാല്‍ ഞങ്ങളാവട്ടെ
ഇവിടെ അഴിക്കപ്പെടാത്ത പൊതികളിലാണ്

വെറുമൊരു ടിഷ്യൂ പേപര്‍ കൊണ്ട്
മലവും പാപക്കറയും വരെ തുടച്ചു വൃത്തിയാക്കാനാകുന്ന
ആധുനികതയിലാണ്

ഇന്ദ്രിയങ്ങള്‍ അറിയാതെ
കണ്ടെന്നു, കേട്ടെന്നു, രുചിച്ചെന്നു,
കരഞ്ഞെന്ന്, നനഞ്ഞെന്നു, പനിച്ചെന്നു,
ഭോഗിച്ചെന്നു, ജീവിചെന്നു ആവര്‍ത്തിക്കുന്ന
നവീനതയിലാണ്

പറയാമോ ആരെങ്കിലും ?
പൊടിപിടിച്ച ആയിരത്തിയൊന്നു ആകാശ ദൂരങ്ങള്‍ക്കപ്പുറത്ത് നിന്ന് !

ഉച്ച നേരത്ത് പോലും സരളവും മനോഹരവുമായി
വിശ്രമിക്കുന്ന പൂച്ചയുറക്കത്തിന്റെ
രഹസ്യത്തെ കുറിച്ച്?

പറഞ്ഞു തരുമോ
ഞങ്ങള്‍ മറന്നു പോയ ഇന്ദ്രിയങ്ങളുടെ ഭാഷ?
അല്ലെങ്കില്‍ അതോര്‍ത്തെടുക്കാന്‍
പകര്‍ന്നു തരുമോ
ആലിങ്ങനത്തോടെ
ഒരു
മിടിപ്പ്?

No comments: