Wednesday, March 14, 2012

ഭ്രാന്തന്‍

മഴയായി തുടങ്ങി
പുഴയായി ഒഴുകി മണ്ണ് നനച്ചു
ഇല കിളിര്‍പ്പിച്ചു
പൂവിന്റെ നറുമണം പേറി കാറ്റായ് പുറപ്പെടാം

ഞാന്‍ കണ്ട സൂര്യന്‍,
 രുചിച്ച ഉപ്പ്,
കണ്ണില്‍ പോറിയ രക്തച്ചുവപ്പ് ,
മനസ്സ് പുണര്‍ന്നു
അറിഞ്ഞതൊക്കെയും
വാരി വിതറി
മുടി പാറിച്ചു അലസമായി നടക്കാം

അവബോധത്തിന്റെ രേഖയില്‍  നിന്ന്
വിശുദ്ധവും അവിശുദ്ധവുമായ
കണികകള്‍ അതിര് ലങ്ഗിച്ചു പുണരുന്നത്
ശ്വാസത്തില്‍ രഹസ്യമായി സൂക്ഷിക്കാം

ആധാരങ്ങളും പ്രമാണങ്ങളും
താങ്ങിയൊരുത്തന്‍
മരണത്തിലേക്ക്  കയറുന്നതില്‍
ആര്‍ത്ത് ചിരിക്കാം

കുളിക്കാതെ , വിസര്‍ജിച്ചു വൃത്തിയാക്കാതെ
പൊതു മനസുകള്‍ക്കിടയില്‍
ശരീരം കൊണ്ട്
പകരത്തിനു പകരമാകാം

കവലയില്‍
' ആള് , വര്‍ണ്ണം , മണ്ണ് '
എന്നിങ്ങനെ ദൂരമിട്ട്
ജീവിതത്തെ പിരിച്ചെഴുതി
പുലമ്പി നടക്കാം

നിലാമഴ പെയ്യുന്ന   രാവുകളില്‍
ചന്ദ്രോത്സവനാളുകളെ ഓര്‍ത്ത്
രണ്ടു  നിലാത്തുള്ളി കൊണ്ട്
കണ്ണിമ നനക്കാം

ഇനി പറയൂ
ഭ്രാന്തനെന്നു
നിങ്ങള്‍ എന്നെ വിളിക്കുമ്പോള്‍
എന്ത് കൊണ്ട് എനിക്ക്
ശരീരം കുലുക്കി
പൊട്ടി പൊട്ടി ചിരിച്ച് കൂടാ ?!

No comments: