Wednesday, March 14, 2012

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി 
'എവടെ പോണുടോ' ന്നു 
കുശലം ചോദിക്കുന്ന
ചാപപടിയിലെ വേപ്പുമരം

പരിഭവങ്ങള്‍ പറയാന്‍ 
നനഞ്ഞ സാരിയോട് കൂടി 
പാലത്തിലേക്ക് കയറി വരുന്ന
കറുകമാട് പുഴ

പുഴി മണലിലിരുന്നു 
രഹസ്യങ്ങള്‍ പറയുമ്പോള്‍
റോഡു വരെ ലാത്തി നടന്നു 
കാവല്‍ നില്‍ക്കുന്ന 
മൂസ റോഡിലെ കാറ്റാടി കൂട്ടം

കാണുമ്പോഴേക്കെ 
കുറുമ്പ ടീച്ചറെ പോലെ 
ചിരിച്ചുകൊണ്ട് പിച്ചാന്‍
ഓങ്ങുന്ന മുടി നരച്ച 
ഫിഷറീസ് സ്കൂള്‍ 

വെള്ളിയാഴ്ചകളില്‍ കണ്ണ് നനഞ്ഞു
കഥകള്‍ പറയുമ്പോ 
മൈലാഞ്ചി കൈകള്‍ കൊണ്ട്
ചേര്‍ത്തു പിടിക്കുന്ന ഉമ്മ 
കിടക്കുന്ന പള്ളിക്കാട്

പൂച്ചകളെ പൂട്ടിയ രഥത്തിലെന്നപോലെ 
വരുന്ന മീന്‍കാരന്‍ ബാവുക്ക


വട്ടമേശ സമ്മേളനം നടക്കുന്ന 
ബുഹാരുക്കാടെ
ചായക്കട

കൈ ഉയര്‍ത്തി കാണിച്ചും
ചിരിച്ചും നടന്നു പോകുന്ന നൂറു നൂറു ഇടവഴികള്‍

എന്നിരിക്കെ ,
എനിക്ക് എങ്ങിനെ 
മാറ്റി പറയാന്‍ കഴിയും!

പുനര്‍ജന്മത്തിലെ ആദ്യ ദിവസം

ജീവിതം നെയ്തുമകന്നുമടുത്തും
പര്യവസാനങ്ങളിലേക്ക്
നമ്മുടെ അവസാന ധൂളിയും
അമരുമായിരിക്കും

മൌനം കലര്‍ന്ന ഇരുട്ട് പുസ്തകത്തിന്റെ
അവസാന അവസാന താളില്‍ നിന്ന്
ഒരു കുഞ്ഞു സൂര്യനുണര്‍ന്നു
വരുമായിരിക്കും


കാത്തിരിപ്പ്‌ മുറിച്ചു
മനസ്സിളക്കി, ചിറകിനക്കി
ഭൂമിയില്‍ നിന്നൊരു പൂമ്പാറ്റ
ആദ്യം ചിറകടിച്ചുയരുമായിരിക്കും
പൂവാലന്‍ കിളികളോ വെള്ളരിപ്പ്രാവുകളോ
അതിനെ അനുഗമിക്കും

പതിയെ പതിയെ മനുഷ്യരെല്ലാം
മണ്ണ് തുടച്ചു, കണ്ണ് തിരുമ്മി
എഴുന്നേറ്റു നില്‍ക്കുമോ?
ഉണര്‍ന്നവര്‍ ഉണരാത്തവരിലെക്കൊരു
തിരയിളക്കി നാടുകളുണരവേ
ഭൂമി മുഴുവന്‍ പീലിനിവര്‍ത്തിയ പോലെയെന്ന്
ഒരു മേഘക്കുഞ് അമ്മയോട് മൊഴിയുമോ

ദിക്കറിയാതെ കൂട്ടമായി
നടന്നു നീങ്ങവേ ഒരു കൊലയാളി
കൊല്ലപ്പെട്ടവന്റെ കൈ കവര്‍ന്നു 
 മാപ്പ് പറയവേ
പരസ്പരം നെറ്റിയിലുമ്മ വെച്ചവര്‍
പൊരുത്തപ്പെടുമോ


ഒരു വിധവ
തിരിച്ചു കിട്ടിയ ഒരുത്തനെ
ചുംബിച്ചു ചുംബിച്ചു
നനച്ചു തോര്‍ത്തുമോ

ഞാനെത്ര ക്രൂരനായിരുന്നെന്നൊരു രാജാവ്!

ഞാനിനി തോല്‍ക്കില്ലെന്നൊരു കാമുകന്‍

ഊന്നു വടി ദൂരെയെറിഞ്ഞോരു
പിച്ചക്കാരന്‍


ചിത്രകഥകളിലേത്പോലെ
ഒറ്റ ഭാഷയില്‍
മനുഷ്യനും മൃഗങ്ങളും 
കിളികളും കൌതുകത്തോടോരോന്നു
ഓര്‍ത്തെടുക്കുമോ

ഒരു സ്വപ്നമുണര്‍ന്നപോലെന്നു
വിസ്മയിക്കവേ
പിന്നെയുമേതോ സംശയത്താല്‍
പരസ്പരം തൊട്ടു നോക്കുമോ?!

ഭ്രാന്തന്‍

മഴയായി തുടങ്ങി
പുഴയായി ഒഴുകി മണ്ണ് നനച്ചു
ഇല കിളിര്‍പ്പിച്ചു
പൂവിന്റെ നറുമണം പേറി കാറ്റായ് പുറപ്പെടാം

ഞാന്‍ കണ്ട സൂര്യന്‍,
 രുചിച്ച ഉപ്പ്,
കണ്ണില്‍ പോറിയ രക്തച്ചുവപ്പ് ,
മനസ്സ് പുണര്‍ന്നു
അറിഞ്ഞതൊക്കെയും
വാരി വിതറി
മുടി പാറിച്ചു അലസമായി നടക്കാം

അവബോധത്തിന്റെ രേഖയില്‍  നിന്ന്
വിശുദ്ധവും അവിശുദ്ധവുമായ
കണികകള്‍ അതിര് ലങ്ഗിച്ചു പുണരുന്നത്
ശ്വാസത്തില്‍ രഹസ്യമായി സൂക്ഷിക്കാം

ആധാരങ്ങളും പ്രമാണങ്ങളും
താങ്ങിയൊരുത്തന്‍
മരണത്തിലേക്ക്  കയറുന്നതില്‍
ആര്‍ത്ത് ചിരിക്കാം

കുളിക്കാതെ , വിസര്‍ജിച്ചു വൃത്തിയാക്കാതെ
പൊതു മനസുകള്‍ക്കിടയില്‍
ശരീരം കൊണ്ട്
പകരത്തിനു പകരമാകാം

കവലയില്‍
' ആള് , വര്‍ണ്ണം , മണ്ണ് '
എന്നിങ്ങനെ ദൂരമിട്ട്
ജീവിതത്തെ പിരിച്ചെഴുതി
പുലമ്പി നടക്കാം

നിലാമഴ പെയ്യുന്ന   രാവുകളില്‍
ചന്ദ്രോത്സവനാളുകളെ ഓര്‍ത്ത്
രണ്ടു  നിലാത്തുള്ളി കൊണ്ട്
കണ്ണിമ നനക്കാം

ഇനി പറയൂ
ഭ്രാന്തനെന്നു
നിങ്ങള്‍ എന്നെ വിളിക്കുമ്പോള്‍
എന്ത് കൊണ്ട് എനിക്ക്
ശരീരം കുലുക്കി
പൊട്ടി പൊട്ടി ചിരിച്ച് കൂടാ ?!

തിരശ്ശീലക്കപ്പുറത്ത്


വിജയങ്ങളുടെയും തോല്‍വികളുടെയും
കണക്കെടുപ്പിനു ശേഷം
കിരീടവും നാമങ്ങളും ചാര്‍ത്തുന്ന
സന്ധ്യയില്‍
ഞാന്‍ നിന്നെ ഏത് പേരാണ് ചൊല്ലി വിളിക്കേണ്ടത്

പക്ഷിയെ ആകാശത്തോളമുയര്‍ത്തി
ഉതിര്‍ന്നുവീഴുന്ന ഒരു
തൂവല്‍ മാത്രമാകുന്ന നിന്നെ

സമയവിലയേതും നോക്കാതെ
ഒരു മണ്ണിരയുടെ പരിശീലകനാകുന്ന,
പനിനീര്‍ ചമയങ്ങള്‍ക്കിടയില്‍
വെറുമൊരു കാവല്‍ മുള്ളാകുന്ന,

ഗുല്‍മോഹര്‍ ശിഖിരങ്ങളിലേക്ക്
ചുവപ്പ് വാരിയെറിഞ്ഞു
തായ് വേരായി മാറി നില്‍ക്കുന്ന നിന്നെ
എത് പേരിനാലാണ് വിളിക്കുക

പ്രണയത്തിന്റെ ചീതപ്പു പെയ്യിക്കാന്‍
ആകാശ നീലിമ മറന്നു
ഒറ്റയ്ക്ക് നിന്ന്
വിഷാദിച്ചു കറുത്ത് ഉരുണ്ടു കൂടുന്ന
നിന്നെ

ഹൃദയമോക്കെയും കൊത്തിപ്പറിച്ചു
ഒരു കൂട്ടം പറന്നു പോകവേ
പതിരുപോല്‍ നീ ബാക്കിയാകവേ
വീണ്ടുമൊരു വിത്തായി
മറ്റൊരു പച്ചത്തുരുത്തിന്റെ
വസന്ത കനവുകളിലേക്കുണരാന്‍
നോല്മ്പ് നോല്‍ക്കുന്ന നിന്നെ

അവസാന
ചെന്കുരുന്നി പൂവും പൊഴിച്ച്
സന്ധ്യ പോകുന്ന നിമിഷത്തില്‍
നിറച്ചാര്‍ത്തുകളില്ലാത്ത
വാക്കിനാല്‍
ഞാന്‍ എത് പേരാണ് ചൊല്ലി വിളിക്കുക

ആയിരത്തിപ്പന്ത്രണ്ടിലെ ആളുകളോട്


നമുക്കിടയില്‍ ആയിരത്തിയൊന്നു പൊടിപിടിച്ച
ആകാശങ്ങളുടെ ദൂരമുണ്ട്

ഇപ്പോള്‍ ഞങ്ങള്‍ പുതുയുഗത്തിന്റെ
കൊടിക്കൂറക്ക് താഴെ
ക്ലോണ്‍ ചെയ്തെടുത്ത പ്രോഫഷനലുകള്‍ മാത്രമാണ്
മുഖവും മനസ്സും ഇല്ലാത്ത ഉദ്യോഗ വസ്ത്രങ്ങള്‍ !

കേട്ടിട്ടുണ്ട് , കൊതിച്ചിട്ടുമുണ്ട്
നിങ്ങള്‍ നഗ്നപാതരായി
മണല്‍തരികളില്‍ അമര്‍ത്തിവേച്ച്ചു നടക്കുന്നത്
അരുവികളെ കൈവെള്ളയിലൂടെ ഒഴുക്കി
മൊത്തിക്കുടിക്കുന്നത്
മരങ്ങളില്‍ പുണര്‍ന്നു കയറി
പഴങ്ങള്‍ പറിച്ചു
പങ്കിട്ടു തിന്നുന്നത്

ചിലപ്പോള്‍ പ്രാര്‍ഥിച്ചതിന് ശേഷം
ചിലപ്പോള്‍ നൃത്തം വെച്ചതിനു ശേഷം
അല്ലെങ്കില്‍ വനങ്ങളിലെ
വയലറ്റ് പൂക്കളില്‍ കിടന്നു
നിങ്ങള്‍ രതിയിലേര്‍പ്പെടുന്നത്

എന്നാല്‍ ഞങ്ങളാവട്ടെ
ഇവിടെ അഴിക്കപ്പെടാത്ത പൊതികളിലാണ്

വെറുമൊരു ടിഷ്യൂ പേപര്‍ കൊണ്ട്
മലവും പാപക്കറയും വരെ തുടച്ചു വൃത്തിയാക്കാനാകുന്ന
ആധുനികതയിലാണ്

ഇന്ദ്രിയങ്ങള്‍ അറിയാതെ
കണ്ടെന്നു, കേട്ടെന്നു, രുചിച്ചെന്നു,
കരഞ്ഞെന്ന്, നനഞ്ഞെന്നു, പനിച്ചെന്നു,
ഭോഗിച്ചെന്നു, ജീവിചെന്നു ആവര്‍ത്തിക്കുന്ന
നവീനതയിലാണ്

പറയാമോ ആരെങ്കിലും ?
പൊടിപിടിച്ച ആയിരത്തിയൊന്നു ആകാശ ദൂരങ്ങള്‍ക്കപ്പുറത്ത് നിന്ന് !

ഉച്ച നേരത്ത് പോലും സരളവും മനോഹരവുമായി
വിശ്രമിക്കുന്ന പൂച്ചയുറക്കത്തിന്റെ
രഹസ്യത്തെ കുറിച്ച്?

പറഞ്ഞു തരുമോ
ഞങ്ങള്‍ മറന്നു പോയ ഇന്ദ്രിയങ്ങളുടെ ഭാഷ?
അല്ലെങ്കില്‍ അതോര്‍ത്തെടുക്കാന്‍
പകര്‍ന്നു തരുമോ
ആലിങ്ങനത്തോടെ
ഒരു
മിടിപ്പ്?

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...