Friday, April 15, 2011

ഒരു കഥ തീരുന്നത്

ആശുപത്രി മണം
ഇഷ്ടമില്ലാഞ്ഞിട്ടും
നിവൃത്തിയില്ലാതെ
സമ്മതിച്ചു
വീട്ടില്‍
നിന്നിറങ്ങുമ്പോള്‍
കണ്ണ് നനഞ്ഞു
തന്നൊരു മുത്തം
നെറ്റിയില്‍ ഇപ്പോഴും
നനഞ്ഞു പൊള്ളുന്നുണ്ട്

അത്യാസന്ന
വിഭാഗത്തിലെ
യന്ത്രവനങ്ങളില്‍
തനിച്ചാക്കിപ്പോന്നപ്പോള്‍
'മകനേ'
എന്ന മൌനത്താല്‍
വിരലുകള്‍ പരതുന്നത്
ചില്ലിലൂടെയാണ് കണ്ടത്

അടുത്ത
സന്ദര്‍ശന
മയത്തിനിടയില്‍
കണ്ണടച്ചുള്ള ഒരു
പ്രാര്‍ഥനക്ക് മുന്നിലൂടെ
ഈ ഇടനാഴിയിലൂടെത്തന്നെ
ആയിരിക്കണം
ഉമ്മയെ കൊണ്ട് പോയത്

ഒരു വാക്കോ
ഒരു വിളിയോ
ബാക്കിയില്ലാത്ത് കൊണ്ട്
ആകാശത്തൊരു
പൊട്ടുപോല്‍ മറയും വരെ
കണ്ണെടുക്കാതെ
നോക്കിക്കൊണ്ടേ
ആയിരിക്കും
ഉമ്മ
അകന്നു
അകന്നു പോയത്..

Friday, March 18, 2011

ഹിജ്റ

സഹിക്കാവുന്നതിനപ്പുറമായത്
ഓര്‍മയിലന്നു
പച്ചയായെരിയും

' നിങ്ങളുടെത് '
മുദ്ര കുത്തിയതെല്ലാം
പെട്ടി വണ്ടിയില്‍
കുത്തി നിറയ്ക്കും

കണ്ണ് കലങ്ങിയ
ഉമ്മയെയും
ബീഡി തിന്നുന്ന
ഉപ്പയെയും
മുഖത്ത് നോക്കാതെ
ശകാരിച്ചു ,
സാന്ത്വനിപ്പിച്ചു
മുന്‍സീറ്റിലിരുത്തും

ക്രൂരനായ
ഗരുഡനെപ്പോലെ
പെട്ടിവണ്ടി അവരെ
നാട് കടത്തുമ്പോള്‍
അതിനു പിന്നില്‍
ചങ്ങാതിയുമായി നിന്ന്
ചങ്ക് കടയുന്ന കാറ്റ് ഏല്‍ക്കും

കുട്ടിക്കാലവും
ഇടവഴിയും
മഴയും
നിലാവും
പെരുന്നാളും
ബസ്‌ സ്റ്റോപ്പിലോ,
വിദൂരതയിലോ വന്നു നിന്ന്
കൈ വീശി കാണിക്കും

വാടകവീടെത്തുന്നതിനു മുംബ്
പ്രായങ്ങളില്‍ പടര്‍ന്നു കയറിയ
വേനല്‍ തോട്ടത്തില്‍ നിന്ന്
പരതിയെടുക്കണം

ഒരു ഋതുവിലും
വിതചിട്ടില്ലാത്ത
അറ്റം
കൂര്‍ത്തൊരു വിത്തും

വാരിയെല്ലിനു
പതിച്ചു കിട്ടിയ
ആറടി മണ്ണിന്റെ
നിറഭേദങ്ങളും

Saturday, December 18, 2010

ചരമദിനം

കലണ്ടറില്‍
ഏതു മാസത്തി-
ലേതക്കത്തിലായിരിക്കും
കെണി വെച്ചിട്ടുണ്ടാവുക !

ഒരു വിസയുടെ സാധ്യതകള്‍

കടല് കടക്കുമ്പോള്‍
ഓര്‍ത്തതില്ല

കുടുംബവും കൂട്ടുകാരും
ഇടവഴികളും മൈതാനവും
കണ്‍കോണിലൊരു
നനവ്‌ മാത്രമാകുമെന്ന്

ഓര്‍ത്തതേയില്ല
അത്ഭുത വിളക്കില്‍ നിന്ന്
പുറപ്പെട്ട ഒരു
യന്ത്രമനുഷ്യന്‍
ആവുകയാണെന്ന്

അവധിയിലെത്തിയ
മൂന്നാം നാള്‍
ഓരോന്നിങ്ങനെ
ചിന്തിച്ചിരിക്കുമ്പോള്‍
എന്നെ തന്നെ നോക്കി
അയവെട്ടുന്നുണ്ട്
തൊഴുത്തില്‍
കറവ വറ്റാനായ പശു !

രഹസ്യക്കത്ത്

കവിതയുടെ ഉറവ പൊട്ടിയോ
എന്ന് കവി സുഹൃത്ത്

ഹും ഒരെണ്ണം പോലും
എന്നെക്കുറിച് ഇല്ലല്ലോ
എന്ന് കാമുകി

ഇപ്പൊ വെറും കവിതയാണെന്ന്
കേട്ടല്ലോ എന്ന് റേഷന്‍ കടക്കാരന്‍

ടിവിയില്‍
അയ്യപ്പനെ കാണിക്കുമ്പോള്‍
'ദാ കവിതയുടെ അവസാന ഗതി'
എന്ന് വല്യച്ചന്‍

പലര്‍ക്കും സംശയമുണ്ട് !

ഇനി വളരെ
ശ്രദ്ധിക്കേണ്ടതുമുണ്ട്
അടുപ്പിച്ചുള്ള
ഈ വരവൊന്നു കുറക്കണം

ദാരിദ്ര്യ രേഖ
നുഴഞ്ഞു കയറുന്നത് വരെ
കുറച്ചൊന്നു ക്ഷമിക്കണം

വിഷമിക്കരുത്
അറ്റകൈ പ്രയോഗം പോലെ
ഒരു ഒളിച്ചോട്ടവും
ചിന്തിക്കായ്കയില്ല

Thursday, December 9, 2010

ക്ലാസ് വിട്ട നേരം

കാഞ്ഞാണി, വാടാനപ്പള്ളി
വാടാനപ്പള്ളി, അഞ്ചങ്ങാടി
എന്നലറിക്കൊണ്ട്
ബസ്സില്‍ വാതിലില്‍ തന്നെ
നില്പുണ്ട്
ഒരു ജീവിതം

ബാഗും തൂക്കി
അങ്ങോട്ടുമിങ്ങോട്ടും
പായുന്നുണ്ട്
ചെറിയ ചെറിയ
ജീവിതങ്ങള്‍

ബസ്സില്‍ കയറി
ജീവിതങ്ങള്‍ക്കിടയില്‍
സീറ്റുറപ്പിച്ചു
പുറത്തേക്ക്
നോക്കിയാലും കാണാം
കൂട്ടിയും ഗുണിച്ചും
ചിരിച്ചും വേദനിച്ചും
കുഞ്ഞു ദ്വീപുകള്‍ പോലെ
പിന്നോട്ട് നീങ്ങുന്നത്

കാറ്റിനെ മുറിച്
കാഞ്ഞാണി പാടത്ത് കൂടെ
ബസ് ഓടുമ്പോള്‍ തോന്നും
ജീവിതങ്ങളില്‍നിന്ന് പുറപ്പെട്ട
ഒരു കപ്പലാണിതെന്നു !

ഇപ്പൊ വരുമെന്നോ,
എത്താനായി എന്നോ,
പറയുന്നുണ്ടാകും
കടലോര ഗ്രാമത്തില്‍
മൂന്നുനാല്
കൂട്ട്-ജീവിതങ്ങള്‍

നിര്‍ത്തി വെച്ചിടത്ത് നിന്ന് തുടങ്ങാന്‍
ബസ്സില്‍ അക്ഷമനായിരുന്നു
കാറ്റില്‍ മുടി കോതുന്നുണ്ട്
ക്ലാസ് കഴിഞ്ഞൊരു
ജീവിതം !

Monday, December 6, 2010

അറിവ്

കണ്ണേ,
കണ്ടു കണ്ടു നടന്നിട്ടും

കാതേ,
കേട്ട് കേട്ട് വളര്‍ന്നിട്ടും

അറിയാനായില്ലലോ
അറിഞ്ഞിടേണ്ടതൊക്കെയും

ഹൃദയമേ,
ഇരുണ്ട ഇടനാഴിയില്‍
ഒറ്റയ്ക്ക് നിന്ന്
മിടിക്കുമ്പോഴും
നീ മൊഴിഞ്ഞിരുന്നുവല്ലോ
അവസാനം മാത്രമായി
അറിഞ്ഞതൊക്കെയും

Thursday, November 25, 2010

കൂട്ടം തെറ്റിയ കണക്കുകള്‍

ശിരസ്സിനു ചുറ്റിലും
പ്രകാശ വലയമില്ലെങ്കിലും

ദൈവ വചനങ്ങള്‍
പ്രസംഗിചില്ലെങ്കിലും

തീന്‍ മേശയില്‍ ,
മെഴുകുതിരി വെട്ടത്തില്‍
വീഞ്ഞ് കോപ്പ മൊത്തിയില്ലെങ്കിലും

കലര്‍പ്പില്ലാത്ത
സ്നേഹം തന്നില്ലേ..

സ്കൂള്‍ വഴിയിലും
ബെഞ്ചിലും
ഒപ്പമായിരുന്നില്ലേ

മഴക്കെടുതിയില്‍ ഒപ്പം
ഉറങ്ങാതെയിരുന്നു
സ്വപ്നങ്ങളെ കൊണ്ട്
നക്ഷത്രങ്ങളെ തൊടുവിച്ചില്ലേ

നമ്മളെ പോലെ നമ്മള്‍ മാത്രമെന്ന്
പലവട്ടം അഹങ്കരിചില്ലേ

എന്നിട്ടും, ചങ്ങാതീ

ആ പഴയ
മുപ്പത്
വെള്ളിക്കാശിനു വേണ്ടിത്തന്നെ
നീ
പുനര്‍ജനിച്ചുവല്ലോ..!

Sunday, November 21, 2010

വേലിയിറക്കം

താമസിച്ചിരുന്ന വീട്ടില്‍
അവകാശമുണ്ട്
പക്ഷെ, ഒരിക്കലുമത് സ്ഥാപിക്കരുത്

ബന്ധുവീട്ടില്‍
നിന്നൊരു ക്ഷണവും
അയല്‍പ്പക്കത്ത്
ബാക്കി കഞ്ഞിയുമുണ്ട്
എന്നാലത് സ്വീകരിക്കരുത്

മുറപെണ്ണില്‍
നിന്നൊരു പ്രണയാഭ്യര്‍ത്ഥനയുണ്ട്
ജീവിതമാനെന്നത് തെറ്റിദ്ധരിക്കരുത്

പരിചയത്തിന്‍റെ പേരില്‍
പട്ടണത്തിലെക്കൊരു ലിഫ്റ്റും
പഴയ കൂട്ടുകാരനില്‍ നിന്ന്
കുശലന്വേഷണവുമുണ്ട്
പക്ഷെ ഊട് വഴികള്ടെ
സഹായം തേടാന്‍ മറക്കരുത്

സഹാനുഭൂതിയുടെ കമ്പനമെത്താത്ത
നിന്‍റെ പെരുവിരലിന്റെ മുറ്റത്ത്
വാര്‍ത്തയറിഞ്ഞെത്തിയ പോലെ
വലിയ ഉറുമ്പിന്‍ നിര!


വേദനിച്ചു, വേദനിച്ചു
താഴെ കാത്ത് നില്‍ക്കുന്നു
ദൈവം!

അനാഥന്‍റെ
സ്വാതന്ത്ര്യമെന്നാല്‍
അന്തര്‍ മുഖനായ
സുഹൃത്തും
ചെങ്കുത്തായ ഒരിറക്കവുമാണല്ലോ..!

Thursday, November 4, 2010

രാമരാജ്യത്തിലെ ഹുസൈന്‍

അടരുകള്‍
അടര്‍ത്തി
കാമ്പിന്റെ
നനവില്‍
വര്‍ണ്ണങ്ങള്‍
ചാലിക്കുമ്പോള്‍

നീ
ഓര്‍ക്കാതെ
പോയതെന്തേ

ആറാം ആകാശത്ത്
കുനിഞ്ഞു കൂടിയിരുന്നു
ദൈവത്തിന്റെ
അടിവസ്ത്രവും
ഉടയാടകളും
നെയ്യുന്നവരെക്കുറിച്ച് !

മാറ്റത്തിന് ശേഷം

അടുക്കളയില്‍
പട്ടിണി കിടക്കുന്ന
പൂച്ച

വൃദ്ധ സദനത്തിലേക്ക്
പകുത്ത
വരാന്ത

മച്ചില്‍
ചിതലുകല്ടെ
ബാലാല്‍ക്കാരത്തില്‍ പെട്ട്
ദാസ്‌ കാപ്പിറ്റല്‍

എല്ലാ വീടുകല്ടെയും
മുറികളില്‍
മൂന്നാംലോക
യുദ്ധത്തിനുള്ള
പുറപ്പാടുകളുടെ തിരക്ക്!

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...