Wednesday, March 14, 2012

പുനര്‍ജന്മത്തിലെ ആദ്യ ദിവസം

ജീവിതം നെയ്തുമകന്നുമടുത്തും
പര്യവസാനങ്ങളിലേക്ക്
നമ്മുടെ അവസാന ധൂളിയും
അമരുമായിരിക്കും

മൌനം കലര്‍ന്ന ഇരുട്ട് പുസ്തകത്തിന്റെ
അവസാന അവസാന താളില്‍ നിന്ന്
ഒരു കുഞ്ഞു സൂര്യനുണര്‍ന്നു
വരുമായിരിക്കും


കാത്തിരിപ്പ്‌ മുറിച്ചു
മനസ്സിളക്കി, ചിറകിനക്കി
ഭൂമിയില്‍ നിന്നൊരു പൂമ്പാറ്റ
ആദ്യം ചിറകടിച്ചുയരുമായിരിക്കും
പൂവാലന്‍ കിളികളോ വെള്ളരിപ്പ്രാവുകളോ
അതിനെ അനുഗമിക്കും

പതിയെ പതിയെ മനുഷ്യരെല്ലാം
മണ്ണ് തുടച്ചു, കണ്ണ് തിരുമ്മി
എഴുന്നേറ്റു നില്‍ക്കുമോ?
ഉണര്‍ന്നവര്‍ ഉണരാത്തവരിലെക്കൊരു
തിരയിളക്കി നാടുകളുണരവേ
ഭൂമി മുഴുവന്‍ പീലിനിവര്‍ത്തിയ പോലെയെന്ന്
ഒരു മേഘക്കുഞ് അമ്മയോട് മൊഴിയുമോ

ദിക്കറിയാതെ കൂട്ടമായി
നടന്നു നീങ്ങവേ ഒരു കൊലയാളി
കൊല്ലപ്പെട്ടവന്റെ കൈ കവര്‍ന്നു 
 മാപ്പ് പറയവേ
പരസ്പരം നെറ്റിയിലുമ്മ വെച്ചവര്‍
പൊരുത്തപ്പെടുമോ


ഒരു വിധവ
തിരിച്ചു കിട്ടിയ ഒരുത്തനെ
ചുംബിച്ചു ചുംബിച്ചു
നനച്ചു തോര്‍ത്തുമോ

ഞാനെത്ര ക്രൂരനായിരുന്നെന്നൊരു രാജാവ്!

ഞാനിനി തോല്‍ക്കില്ലെന്നൊരു കാമുകന്‍

ഊന്നു വടി ദൂരെയെറിഞ്ഞോരു
പിച്ചക്കാരന്‍


ചിത്രകഥകളിലേത്പോലെ
ഒറ്റ ഭാഷയില്‍
മനുഷ്യനും മൃഗങ്ങളും 
കിളികളും കൌതുകത്തോടോരോന്നു
ഓര്‍ത്തെടുക്കുമോ

ഒരു സ്വപ്നമുണര്‍ന്നപോലെന്നു
വിസ്മയിക്കവേ
പിന്നെയുമേതോ സംശയത്താല്‍
പരസ്പരം തൊട്ടു നോക്കുമോ?!

3 comments:

molysivaram said...

nalla rachana.........

ഹബ്രൂഷ് said...

:)

Anonymous said...

മരണാനന്തര ജീവിതത്തിന്റെ ഒരു നേര്‍കാഴ്ച പോലെ അനുഭവപ്പെട്ടു , മരണത്തിന്റെ അഗാധമായ നിദ്രയില്‍ നിന്നും ഏവരും ഉണര്‍ന്നു വരുന്ന ദിവസം . പരാജയപ്പെട്ടവര്‍ ജയിക്കുന്ന ,ജയിച്ചവര്‍ തോല്‍ക്കുന്ന ദിവസം .

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...