Wednesday, March 14, 2012

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി 
'എവടെ പോണുടോ' ന്നു 
കുശലം ചോദിക്കുന്ന
ചാപപടിയിലെ വേപ്പുമരം

പരിഭവങ്ങള്‍ പറയാന്‍ 
നനഞ്ഞ സാരിയോട് കൂടി 
പാലത്തിലേക്ക് കയറി വരുന്ന
കറുകമാട് പുഴ

പുഴി മണലിലിരുന്നു 
രഹസ്യങ്ങള്‍ പറയുമ്പോള്‍
റോഡു വരെ ലാത്തി നടന്നു 
കാവല്‍ നില്‍ക്കുന്ന 
മൂസ റോഡിലെ കാറ്റാടി കൂട്ടം

കാണുമ്പോഴേക്കെ 
കുറുമ്പ ടീച്ചറെ പോലെ 
ചിരിച്ചുകൊണ്ട് പിച്ചാന്‍
ഓങ്ങുന്ന മുടി നരച്ച 
ഫിഷറീസ് സ്കൂള്‍ 

വെള്ളിയാഴ്ചകളില്‍ കണ്ണ് നനഞ്ഞു
കഥകള്‍ പറയുമ്പോ 
മൈലാഞ്ചി കൈകള്‍ കൊണ്ട്
ചേര്‍ത്തു പിടിക്കുന്ന ഉമ്മ 
കിടക്കുന്ന പള്ളിക്കാട്

പൂച്ചകളെ പൂട്ടിയ രഥത്തിലെന്നപോലെ 
വരുന്ന മീന്‍കാരന്‍ ബാവുക്ക


വട്ടമേശ സമ്മേളനം നടക്കുന്ന 
ബുഹാരുക്കാടെ
ചായക്കട

കൈ ഉയര്‍ത്തി കാണിച്ചും
ചിരിച്ചും നടന്നു പോകുന്ന നൂറു നൂറു ഇടവഴികള്‍

എന്നിരിക്കെ ,
എനിക്ക് എങ്ങിനെ 
മാറ്റി പറയാന്‍ കഴിയും!

2 comments:

Junaiths said...

ഓർമ്മകൾ കൂടെ നടക്കുന്ന വഴികളുള്ളപ്പോൾ എങ്ങനെ മറക്കും...നന്നായിരിക്കുന്നു

ഹബ്രൂഷ് said...
This comment has been removed by the author.