Friday, April 22, 2011

പേര് ഉരിയുമ്പോള്‍

അറിവില്ലായ്മയുടെ
വിസ്മയങ്ങളില്‍
അസ്വസ്ഥരായവരാകുമോ
സൌകര്യങ്ങള്‍ക്ക് വേണ്ടി
പേരുകള്‍ നിര്‍മിച്ചത്

ഇല്ലെങ്കില്‍ ,
ഉള്ളിലൊരു ലോകത്തെ
ഒറ്റനനവില്‍ കൂട്ടി നിര്‍ത്തി
അലയലയായി കരയിലേക്ക്
കഥകള്‍ മെനയുന്ന ഒന്നിനെ
നമ്മള്‍ ' കടല്‍ ' എന്ന വാക്കില്‍
തളച്ചിടുമോ

പേരില്ലാതെ വളര്‍ന്നവനെപ്പോലെ
ഒരു നാള്‍ ചന്ദ്രന്‍ ഉയരുമ്പോള്‍
കണ്ണില്‍ നിന്ന് രക്തധമനിയിലൂടെ
മുങ്ങിയും താണും
പെരുവിരലിലേക്ക് നീങ്ങുന്നുണ്ട്
ഒരു നിലാവെട്ടം

വിരല്‍ ചൂണ്ടിപ്പപഠിച്ച
'മഴ' യാണിതെന്നോര്‍ക്കാതെ
അതിലെക്കൊന്നിറങ്ങി നിന്നാല്‍
നെഞ്ചിനു പിന്നിലെ മുറ്റം നിറയെ
മഴപ്പൂക്കളൊരു വസന്തംതീര്‍ക്കും
അവയ്ക്ക് മീതെ മനസ്സ്
ഭാഷയില്ലാത്ത സഞ്ചാരങ്ങളുടെ
നാനാര്‍ഥങ്ങള്‍ വിതറും

ചെടികളുടെ പേരുകള്‍ മറന്നു
തോട്ടത്തിലെക്കൊന്നു നോക്കിയാല്‍ മതി
അവ ഓടി വന്നു
കൈവലിച്ചുകൊണ്ട് പോയി
ചെടിയുടെ വേരിലൂടെ,
തണ്ടിലൂടെ കടത്തി വിട്ട്
പൂവിന്റെ ഇതളുകള്‍ക്ക്‌ നടുവില്‍
കഴുത്തറ്റം വരെയാക്കി
പിടിച്ചു നിര്‍ത്തും

പക്ഷെ ,
ഏറെ അതിശയിപ്പിക്കുന്നത്,
ഈ 'ഞാന്‍ ' എന്ന പദം
ഒന്ന് മാറ്റി വെക്കുമ്പോള്‍
തലങ്ങും വിലങ്ങും
സഞ്ചരിച്ചു പെരുകുന്ന
സൌരയൂധങ്ങളില്‍
ധൂളിയായ് അമരുന്ന
ആ ഒറ്റ വാക്കില്‍
എങ്ങിനെയാണ് ഞാന്‍ തളക്കപ്പെട്ടത് !

Friday, April 15, 2011

ഒരു കഥ തീരുന്നത്

ആശുപത്രി മണം
ഇഷ്ടമില്ലാഞ്ഞിട്ടും
നിവൃത്തിയില്ലാതെ
സമ്മതിച്ചു
വീട്ടില്‍
നിന്നിറങ്ങുമ്പോള്‍
കണ്ണ് നനഞ്ഞു
തന്നൊരു മുത്തം
നെറ്റിയില്‍ ഇപ്പോഴും
നനഞ്ഞു പൊള്ളുന്നുണ്ട്

അത്യാസന്ന
വിഭാഗത്തിലെ
യന്ത്രവനങ്ങളില്‍
തനിച്ചാക്കിപ്പോന്നപ്പോള്‍
'മകനേ'
എന്ന മൌനത്താല്‍
വിരലുകള്‍ പരതുന്നത്
ചില്ലിലൂടെയാണ് കണ്ടത്

അടുത്ത
സന്ദര്‍ശന
മയത്തിനിടയില്‍
കണ്ണടച്ചുള്ള ഒരു
പ്രാര്‍ഥനക്ക് മുന്നിലൂടെ
ഈ ഇടനാഴിയിലൂടെത്തന്നെ
ആയിരിക്കണം
ഉമ്മയെ കൊണ്ട് പോയത്

ഒരു വാക്കോ
ഒരു വിളിയോ
ബാക്കിയില്ലാത്ത് കൊണ്ട്
ആകാശത്തൊരു
പൊട്ടുപോല്‍ മറയും വരെ
കണ്ണെടുക്കാതെ
നോക്കിക്കൊണ്ടേ
ആയിരിക്കും
ഉമ്മ
അകന്നു
അകന്നു പോയത്..

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...