Friday, November 18, 2011

വീട്ടില്‍ നിന്ന് കൊടുത്തയച്ച അച്ചാര്‍

ഒരു
പാല്‍പൊടി ടിന്‍ നിറയെ
ഒസ്യെത് പോലുള്ള
ഉപദേശങ്ങള്‍

ഒറ്റക്കുള്ള
വര്‍ത്താനങ്ങള്‍

ഓര്‍മ്മകള്‍ മുറിച്ചു
കണ്ണ് തുടച്ച
സാരിത്തുമ്പിന്റെ നനവ്‌

അവരോഹണം

ഏതു ദിക്കില്‍
നിന്നായിരിക്കും
നിന്‍റെ വരവെന്ന് നിനച്ചു
നോട്ടം മുറിയുന്ന നിമിഷത്തില്‍

എന്റെ കൂടിനു മുന്നില്‍
എവിടെ നിന്നെന്നില്ലാതെ
ആയിരിക്കും
നിന്‍റെ വെള്ള ചിറകടി അമരുക

ചാഞ്ഞും ചെരിഞ്ഞുമുള്ള
എന്റെ വെമ്പലിനിടയില്‍
ഒരു സ്പര്‍ശം കൊണ്ട്
തുറക്കുമായിരിക്കും
നീ
എന്റെ
താഴ്


ഒരു ചുമ്പനം കൊണ്ട്
ഉണര്‍ത്തുമായിരിക്കും
മറ്റൊരു സ്വപ്നത്തിലേക്ക്


തോളുരുമ്മി
പരന്നുയരുമായിരിക്കും
നിന്നോടൊപ്പം
ഒരു കൂട്ട് പക്ഷിയെ പോലെ

പട്ടവും കാലവും
നൂല്‍ പൊട്ടിയ
ആകാശ വഴികളിലെത്തിയാല്‍
തോന്നുമായിരിക്കും
എനിക്കെവിടെയോ ഒരു നോവ്‌

താഴോട്ടു ഒരു നോട്ടമുതിര്‍ന്നു
വീഴവെ കാണുമായിരിക്കും
പെരുമഴയില്‍
മണിക്കുന്തിരിക്കവും
ഉലുവാനും
പുകയുന്ന
അകം നനഞ്ഞൊരു വീട്

അര്‍ദ്ധവിരാമം


ദൂരെ ഒരു ഗ്രാമത്തിലെ
ഇല്ലാത്ത ഇടവഴിയുടെ അറ്റത്തു
പൊളിച്ചു മാറ്റിയ വീട്ടില്‍ നിന്ന്
ചെവിപോലുമറിയാതെ
ചില ഒച്ചകള്‍
മെല്ലെ മെല്ലെ കനത്തു വരും

അവിടെ
കടല്‍ കരയിലെ
പെങ്ങ്വിനുകളെ പോലെ
മുറ്റം നിറയെ കുടിയിറക്കപ്പെട്ട
ഓര്‍മകളുടെ കലപിലകള്‍

പരിഭവിച്ചു മുഖം
കരി പോലെ കറുപ്പിച്ചു
നില്‍ക്കുന്നുണ്ടാവണം
കിളവന്‍ പടിവിളക്ക്

ഒന്നും ശ്രദ്ധിക്കാതെ
മഴയെ ഉണക്കാനിടുകയോ
വെയിലിനെ കുളിപ്പിക്കുകയോ
ചെയ്യുന്നുണ്ടാവും
പിന്‍വശത്തെ അമ്മൂമക്കുളം

സഹികെട്ട് ഇടവഴിയിലൂടെ വന്നു
വടക്കോട്ട്‌ നീളുന്ന റോഡിലേക്ക്
നോക്കി നിന്ന്
ഇന്നും മടങ്ങിയിട്ടുണ്ടാകും
ഇനിയും കഥയായിട്ടില്ലാത്ത
കുറെ ചെറു വരികള്‍!

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...