Saturday, December 18, 2010

ചരമദിനം

കലണ്ടറില്‍
ഏതു മാസത്തി-
ലേതക്കത്തിലായിരിക്കും
കെണി വെച്ചിട്ടുണ്ടാവുക !

ഒരു വിസയുടെ സാധ്യതകള്‍

കടല് കടക്കുമ്പോള്‍
ഓര്‍ത്തതില്ല

കുടുംബവും കൂട്ടുകാരും
ഇടവഴികളും മൈതാനവും
കണ്‍കോണിലൊരു
നനവ്‌ മാത്രമാകുമെന്ന്

ഓര്‍ത്തതേയില്ല
അത്ഭുത വിളക്കില്‍ നിന്ന്
പുറപ്പെട്ട ഒരു
യന്ത്രമനുഷ്യന്‍
ആവുകയാണെന്ന്

അവധിയിലെത്തിയ
മൂന്നാം നാള്‍
ഓരോന്നിങ്ങനെ
ചിന്തിച്ചിരിക്കുമ്പോള്‍
എന്നെ തന്നെ നോക്കി
അയവെട്ടുന്നുണ്ട്
തൊഴുത്തില്‍
കറവ വറ്റാനായ പശു !

രഹസ്യക്കത്ത്

കവിതയുടെ ഉറവ പൊട്ടിയോ
എന്ന് കവി സുഹൃത്ത്

ഹും ഒരെണ്ണം പോലും
എന്നെക്കുറിച് ഇല്ലല്ലോ
എന്ന് കാമുകി

ഇപ്പൊ വെറും കവിതയാണെന്ന്
കേട്ടല്ലോ എന്ന് റേഷന്‍ കടക്കാരന്‍

ടിവിയില്‍
അയ്യപ്പനെ കാണിക്കുമ്പോള്‍
'ദാ കവിതയുടെ അവസാന ഗതി'
എന്ന് വല്യച്ചന്‍

പലര്‍ക്കും സംശയമുണ്ട് !

ഇനി വളരെ
ശ്രദ്ധിക്കേണ്ടതുമുണ്ട്
അടുപ്പിച്ചുള്ള
ഈ വരവൊന്നു കുറക്കണം

ദാരിദ്ര്യ രേഖ
നുഴഞ്ഞു കയറുന്നത് വരെ
കുറച്ചൊന്നു ക്ഷമിക്കണം

വിഷമിക്കരുത്
അറ്റകൈ പ്രയോഗം പോലെ
ഒരു ഒളിച്ചോട്ടവും
ചിന്തിക്കായ്കയില്ല

Thursday, December 9, 2010

ക്ലാസ് വിട്ട നേരം

കാഞ്ഞാണി, വാടാനപ്പള്ളി
വാടാനപ്പള്ളി, അഞ്ചങ്ങാടി
എന്നലറിക്കൊണ്ട്
ബസ്സില്‍ വാതിലില്‍ തന്നെ
നില്പുണ്ട്
ഒരു ജീവിതം

ബാഗും തൂക്കി
അങ്ങോട്ടുമിങ്ങോട്ടും
പായുന്നുണ്ട്
ചെറിയ ചെറിയ
ജീവിതങ്ങള്‍

ബസ്സില്‍ കയറി
ജീവിതങ്ങള്‍ക്കിടയില്‍
സീറ്റുറപ്പിച്ചു
പുറത്തേക്ക്
നോക്കിയാലും കാണാം
കൂട്ടിയും ഗുണിച്ചും
ചിരിച്ചും വേദനിച്ചും
കുഞ്ഞു ദ്വീപുകള്‍ പോലെ
പിന്നോട്ട് നീങ്ങുന്നത്

കാറ്റിനെ മുറിച്
കാഞ്ഞാണി പാടത്ത് കൂടെ
ബസ് ഓടുമ്പോള്‍ തോന്നും
ജീവിതങ്ങളില്‍നിന്ന് പുറപ്പെട്ട
ഒരു കപ്പലാണിതെന്നു !

ഇപ്പൊ വരുമെന്നോ,
എത്താനായി എന്നോ,
പറയുന്നുണ്ടാകും
കടലോര ഗ്രാമത്തില്‍
മൂന്നുനാല്
കൂട്ട്-ജീവിതങ്ങള്‍

നിര്‍ത്തി വെച്ചിടത്ത് നിന്ന് തുടങ്ങാന്‍
ബസ്സില്‍ അക്ഷമനായിരുന്നു
കാറ്റില്‍ മുടി കോതുന്നുണ്ട്
ക്ലാസ് കഴിഞ്ഞൊരു
ജീവിതം !

Monday, December 6, 2010

അറിവ്

കണ്ണേ,
കണ്ടു കണ്ടു നടന്നിട്ടും

കാതേ,
കേട്ട് കേട്ട് വളര്‍ന്നിട്ടും

അറിയാനായില്ലലോ
അറിഞ്ഞിടേണ്ടതൊക്കെയും

ഹൃദയമേ,
ഇരുണ്ട ഇടനാഴിയില്‍
ഒറ്റയ്ക്ക് നിന്ന്
മിടിക്കുമ്പോഴും
നീ മൊഴിഞ്ഞിരുന്നുവല്ലോ
അവസാനം മാത്രമായി
അറിഞ്ഞതൊക്കെയും

തലസ്ഥാനം

പുകയില ചവച്ചു മൂണകാട്ടി  'എവടെ പോണുടോ' ന്നു  കുശലം ചോദിക്കുന്ന ചാപപടിയിലെ വേപ്പുമരം പരിഭവങ്ങള്‍ പറയാന്‍  നനഞ്ഞ സാരിയോട് ...